2012ല്‍ നിക്ഷേപിക്കാന്‍ 5 ഓഹരികള്‍

2012ല്‍ നിക്ഷേപിക്കാന്‍ 5 ഓഹരികള്‍

Size
Price:

Read more

  നിലവിലെ സാമ്പത്തിക - രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി 2012ല്‍ കാര്യമായ മുന്നേറ്റം നടത്തുമെന്ന് പ്രവചിക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ഓഹരി നിക്ഷേപകര്‍ക്ക് മികച്ച നിക്ഷേപാവസരമാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ വര്‍ഷം തിരിച്ചടി നേരിട്ട മിഡ്-ക്യാപ് കമ്പനികളുടെയും ഏതാനും സ്‌മോള്‍-ക്യാപ് കമ്പനികളുടെയും ഓഹരികള്‍ തിരഞ്ഞെടുത്താല്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന് പ്രമുഖ ഓഹരി വിദഗ്ധനും കൊച്ചി ആസ്ഥാനമായുള്ള ഇക്വിറ്റി ഇന്റലിജന്‍സിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പൊറിഞ്ചു വെളിയത്ത് ചൂണ്ടിക്കാട്ടുന്നു.

ബ്ലൂചിപ് ഓഹരികള്‍ക്കും ഡിഫന്‍സീവ് ഓഹരികള്‍ക്കുമപ്പുറം ഉയര്‍ന്ന വളര്‍ച്ചാസാധ്യതയുള്ള കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കേണ്ട സമയമാണിത്.


ഉയര്‍ന്ന പലിശ നിരക്കുകളും രൂപയുടെ വിലയിലുണ്ടായ ഇടിവും കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചു. ഒരു വര്‍ഷത്തെ നയമരവിപ്പിന് ശേഷം 2012ല്‍ ഒട്ടേറെ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. ചരക്കുസേവന നികുതി (GST), പ്രത്യക്ഷ നികുതി (DTC) എന്നിവ ഇതില്‍ പെടുന്നു. വിദേശികള്‍ക്ക് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപം നടത്താന്‍ ഈയിടെ അനുമതി നല്‍കിയതും ശുഭലക്ഷണമാണ്. 2012 ല്‍ പലിശ നിരക്കുകളില്‍ രണ്ട് ശതമാനത്തിന്റെയെങ്കിലും കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. പണപ്പെരുപ്പം താഴുന്ന ലക്ഷണങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ തന്നെ കണ്ടുതുടങ്ങി. വരും മാസങ്ങളില്‍ അത് പ്രകടമാകും. അഴിമതികളും രാഷ്ട്രീയവും മാറ്റിവെച്ച് കാര്യങ്ങളെ ഗൗരവത്തോടെ എടുക്കുകയും സമ്പദ്ഘടനയെ വേണ്ടവിധം മാനേജ് ചെയ്യുകയും ചെയ്താല്‍ അടുത്ത സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് എട്ട് ശതമാനമോ അതിലധികമോ സാമ്പത്തിക വളര്‍ച്ച കൈവരിക്കാം.


സെന്‍സെക്‌സ് 16,000 നിലവാരത്തില്‍ തന്നെ തുടര്‍ന്നാലും, മികച്ച ഓഹരികള്‍ തിരഞ്ഞെടുത്താല്‍, 2012ല്‍ നിക്ഷേപകര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ നേട്ടം കൈവരിക്കാമെന്ന് പൊറിഞ്ചു വെളിയത്ത് പറയുന്നു. ഇത്തരത്തില്‍ മികച്ച വളര്‍ച്ചാ സാധ്യതയുള്ള അഞ്ച് ഓഹരികള്‍ അടങ്ങിയ സ്‌റ്റോക്ക് പോര്‍ട്ട്‌ഫോളിയോ ശുപാര്‍ശ ചെയ്യുകയാണ് അദ്ദേഹം.



പിരാമള്‍ ഹെല്‍ത്ത്‌കെയര്‍

(Piramal Healthcare - Rs.370)
ഹെല്‍ത്ത്‌കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനി. 10,000 കോടി രൂപ കൈവശമുള്ള കമ്പനിയുടെ ഇപ്പോഴത്തെ വിപണി മൂല്യം 6,500 കോടി രൂപ മാത്രമാണ്. പുസ്തക മൂല്യത്തെക്കാള്‍ താഴെയാണിത്. കമ്പനി ഈയിടെ തങ്ങളുടെ ബിസിനസ്സിന്റെ ഒരു ഭാഗം വിറ്റ് 18,000 കോടി രൂപ നേടിയിരുന്നു. ശേഷിക്കുന്ന ബിസിനസ്സില്‍ (ഒ.ടി.സി, ക്രിറ്റിക്കല്‍ കെയര്‍ ബിസിനസ്) നിന്ന് ഏതാണ്ട് 2,000 കോടി രൂപ വരുമാനം ലഭിക്കുന്നുണ്ട്. കമ്പനിയുടെ കൈവശമുള്ള പണം കരുതലോടെയും വിവേകത്തോടെയുമാണ് പുതിയ ബിസിനസ്സുകളില്‍ നിക്ഷേപിക്കുന്നത്. ഇതില്‍ നിന്ന് 18 ശതമാനത്തിലേറെ റിട്ടേണ്‍ പ്രതീക്ഷിക്കുന്നു. മറ്റു പല ലിസ്റ്റഡ് കമ്പനികളില്‍ നിന്നും വ്യത്യസ്തമായി പിരാമളിന്റെ മാനേജ്‌മെന്റ് ചെറുകിട ഓഹരിയുടകള്‍ക്ക് പോലും സമ്പത്ത് പങ്കുവെയ്ക്കുന്നുണ്ട്. 2012ല്‍ ഈ ഓഹരിയില്‍ നിന്ന് 40 ശതമാനം വരെ മൂല്യവര്‍ധന പ്രതീക്ഷിക്കാം.

എംഫസിസ്

(Mphasis - Rs.300)
ഐടി രംഗത്ത് പ്രവര്‍ത്തിക്കുന്ന എംഫസിസ്, ഹ്യുലെറ്റ് പക്കാര്‍ഡി(എച്ച്പി)ന്റെ 60 ശതമാനം അനുബന്ധ സ്ഥാപനമാണ്. 40,000 ജീവനക്കാരുള്ള കമ്പനിയുടെ വരുമാനം 5,000 കോടി രൂപ. പരമ്പരാഗത നിക്ഷേപകര്‍ക്ക് പോലും ഉയര്‍ന്ന നിക്ഷേപാവസരമൊരുക്കുന്നതാണ് ഈ ഓഹരി. 6,400 കോടി രൂപയെന്ന അത്യാകര്‍ഷകമായ മൂല്യത്തില്‍ എംഫസിസ് ഇപ്പോള്‍ സ്വന്തമാക്കാം. ഈ വര്‍ഷം ഉടമകള്‍ ഓഹരികള്‍ തിരിച്ചുവാങ്ങുകയോ (Buy-back) മാതൃസ്ഥാപനം ഓഹരികള്‍ സ്വന്തമാക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഓഹരി വില 40 ശതമാനം വരെ ഉയരാം.

അലുവാലിയ കോണ്‍ട്രാക്ടേഴ്‌സ്

(Ahluwalia Contractors - Rs.54)
ഐടി പാര്‍ക്കുകള്‍, വാണിജ്യ സമുച്ചയങ്ങള്‍, ഹോട്ടലുകള്‍ എന്നിവയുടെ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര സിവില്‍ കോണ്‍ട്രാക്ടിങ് കമ്പനിയാണ് അലുവാലിയ കോണ്‍ട്രാക്ടേഴ്‌സ്. അടിസ്ഥാനസൗകര്യ വികസന മേഖലയുടെ വൈവിധ്യമാര്‍ന്ന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. ഇന്ത്യയിലും വിദേശത്തുമായി കണ്‍സ്ട്രക്ഷന്‍ വ്യവസായ രംഗത്ത് അഞ്ച് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുണ്ട്. 3,600 കോടി രൂപയുടെ കരാറുകള്‍ നിലവിലുണ്ട്. നിര്‍മാണ മേഖലയിലെ അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് രണ്ടാം ത്രൈമാസത്തില്‍ കമ്പനി നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതെത്തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില വന്‍തോതില്‍ ഇടിയുകയും ചെയ്തു. ഇപ്പോള്‍ 54 രൂപ നിലവാരത്തില്‍ ഈ ഓഹരി ലഭ്യമാണ്. പ്രൊമോട്ടര്‍മാരുടെ ഓഹരി പങ്കാളിത്തം കൂടുതലാണെന്നതാണ് മറ്റൊരു സവിശേഷത. കമ്പനിയുടെ ബിസിനസ് മൂല്യങ്ങളുടെയും പ്രവര്‍ത്തന ചരിത്രത്തിന്റെയും മാനേജ്‌മെന്റ് മികവിന്റെയും അടിസ്ഥാനത്തില്‍ മധ്യകാല - ദീര്‍ഘകാല നിക്ഷേപകര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഓഹരിയാണിത്.

സെലാന്‍ എക്‌സ്‌പ്ലൊറേഷന്‍

(Selan Exploration - Rs.230)
എണ്ണ പര്യവേഷണ - ഉത്പാദന രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സെലാന്‍. അഹമ്മദാബാദിനടുത്ത് അഞ്ച് എണ്ണ പാടങ്ങളുണ്ട്. 200 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണിത്. കമ്പനിയുടെ ശക്തമായ ബാലന്‍സ് ഷീറ്റിന്റെ പിന്‍ബലത്തില്‍ ഓയില്‍ ഡ്രില്ലിങ് രംഗത്തും വന്‍തോതില്‍ ഇറങ്ങിയിട്ടുണ്ട്. 120 കോടി രൂപയുടെ അധിക ധനവുമായിരിക്കുന്ന കമ്പനിയുടെ മറ്റൊരു സവിശേഷത സത്യസന്ധമായ മാനേജ്‌മെന്റാണ്. ഓഹരി വില ഈയിടെ വന്‍തോതില്‍ താഴ്‌ന്നെങ്കിലും 2012ല്‍ 50 ശതമാനം വരെ മുന്നേറ്റം പ്രതീക്ഷിക്കുന്നു.
ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍
(Fortis Healthcare - Rs.90)
പ്രൊമോട്ടര്‍ കുടുബത്തിന്റെ അന്താരാഷ്ട്ര ബിസിനസ് ഏറ്റെടുത്തുകൊണ്ട് മുന്നേറുകയാണ് ഹെല്‍ത്ത്‌കെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫോര്‍ട്ടിസ്. 5,000 കോടി രൂപയാണ് കമ്പനിയുടെ വരുമാനലക്ഷ്യം. അന്താരാഷ്ട്ര ബിസിനസ് ഏറ്റെടുത്തതിനെത്തുടര്‍ന്നുള്ള നെഗറ്റീവ് സെന്റിമെന്‍സില്‍ കമ്പനിയുടെ ഓഹരി വില കാര്യമായി ഇടിഞ്ഞിരുന്നു. 3,500 കോടി രൂപയാണ് ഇപ്പോള്‍ വിപണി മൂല്യം. എന്നാല്‍ അന്താരാഷ്ട്ര ആസ്പത്രി ശൃംഖലയായി വളരുകയായി ഫോര്‍ട്ടിസ്. ഇപ്പോഴത്തെ ഓഹരി വിലയില്‍ ഈ ഓഹരി മികച്ച നിക്ഷേപാവസരമാണ് നല്‍കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഉയര്‍ന്ന മൂല്യവര്‍ധന പ്രതീക്ഷിക്കുന്നു.

പൊറിഞ്ചു വെളിയത്ത്
ഓഹരി വ്യാപാര രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തന മികവുള്ള പൊറിഞ്ചു വെളിയത്ത് കൊച്ചി ആസ്ഥാനമായുള്ള ഇക്വിറ്റി ഇന്റലിജന്‍സിന്റെ സ്ഥാപകനും സിഇഒയുമാണ്. പോര്‍ട്ട്‌ഫോളിയോ മാനേജ്‌മെന്റ് സേവനം (പിഎംഎസ്) മാത്രം ഒരുക്കുന്ന രാജ്യത്തെ ഒരേയൊരു കമ്പനിയാണ് ഇത്. വിവിധ ബിസിനസ് പ്രസിദ്ധീകരണങ്ങളിലും ടിവി ചാനലുകളിലും ഓഹരി ശുപാര്‍ശങ്ങള്‍ നല്‍കുന്നുണ്ട്.
Email: porinju@gmail.com

Disclaimer: മേല്‍പ്പറഞ്ഞ ഓഹരികള്‍ പൊറിഞ്ചു വെളിയത്ത് വ്യക്തിപരമായോ ഇടപാടുകാര്‍ക്ക് വേണ്ടിയോ കൈവശം വയ്ക്കുന്നതാകാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. വായനക്കാര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം ഇവയില്‍ നിക്ഷേപിക്കാന്‍.

       Mathrubhumi

Contact Form

Name

Email *

Message *