Read more

'അസ്വീകാര്യമായ' ഉള്ളടക്കത്തിന്റെ പേരില്‍ കേന്ദ്രസര്‍ക്കാരും ഇന്റര്‍നെറ്റ് സൈറ്റുകളും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, മൈക്രോസോഫ്ട്, യാഹൂ ഇന്ത്യ എന്നിങ്ങനെ 21 സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഈ സൈറ്റുകള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മതിയായ തെളിവുകളുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹി കോടതിയെ വെള്ളിയാഴ്ച അറിയിച്ചു. വര്‍ഗീയത വളര്‍ത്തുന്നതും, ദേശീയോദ്ഗ്രഥനത്തിന് വിരുദ്ധവുമായ ഉള്ളടക്കം ഈ സൈറ്റുകളില്‍ പോസ്റ്റു ചെയ്യപ്പെടുന്നുവെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.


ഡെല്‍ഹി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട് സുധീഷ് കുമാറിന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച രണ്ടുപേജ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ബന്ധപ്പെട്ട അധികൃതര്‍ ഇക്കാര്യം പരിശോധിച്ചതായും, ഇന്ത്യന്‍ പീനല്‍ കോഡിലെ (ഐ.പി.സി) വിവിധ വകുപ്പുകള്‍ പ്രകാരം സൈറ്റുകള്‍ക്കെതിരെ നിയമനടപടിയെടുക്കാമെന്ന് ബോധ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.



വിവിധ മതവിഭാഗക്കാര്‍ക്ക് വേദനയുളവാക്കുന്ന ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും വെബ്ബ്‌സൈറ്റുകളില്‍ നിന്ന് നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് പത്രപ്രവര്‍ത്തകനായ വിനയ് റേ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി കേന്ദ്രസര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.


നിമയനടപടിക്ക് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതിന്റെ വെളിച്ചത്തില്‍, മാര്‍ച്ച് 13 ന് മുമ്പ് ഇന്റര്‍നെറ്റ് കമ്പനികളുടെ ഉന്നതര്‍ ഹാജരാകാന്‍ കോടതി ഉത്തരവിട്ടു.


അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സൈറ്റുകളോടും ഇന്റര്‍നെറ്റ് കമ്പനികളോടും 2011 ഡിസംബറില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യത്തുനിന്ന് പോസ്റ്റുചെയ്യപ്പെടുന്ന
ഉള്ളടക്കം മുന്‍കൂര്‍ പരിശോധിക്കാനായിരുന്നു ആവശ്യം.

സൈബര്‍ ലോകത്ത് സെന്‍സര്‍ഷിപ്പ് ഉദ്ദേശിക്കുന്നില്ലെങ്കിലും പ്രകോപനപരമായ ഉള്ളടക്കങ്ങളോ പരാമര്‍ശങ്ങളോ അനുവദിക്കാനാകില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി കപില്‍ സിബല്‍ ഡിസംബറില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.


സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതല്ല മറിച്ച് അതിന്റെ ഉള്ളടക്കം സംബന്ധിച്ച് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ഉദ്ദേശമെന്ന് മന്ത്രി പറയുകയുണ്ടായി. 

                                                                                                 Mathrubhumi