അന്യഗ്രഹജീവികളെ നിങ്ങള്‍ക്കും കണ്ടെത്താം!

അന്യഗ്രഹജീവികളെ നിങ്ങള്‍ക്കും കണ്ടെത്താം!

Size
Price:

Read more

'അവിടെ ആരെങ്കിലുമുണ്ടോ' എന്ന് ഏറെക്കാലമായി മനുഷ്യന്‍ തേടുകയാണ്. ഭൂമിക്ക് വെളിയില്‍ എവിടെയെങ്കിലും ജീവന്റെ സ്പന്ദനം? മനുഷ്യരെപ്പോലെയോ ഒരുപക്ഷേ മനുഷ്യരെക്കാളുമോ വികസിച്ച നാഗരികത? ഈ ചോദ്യങ്ങള്‍ക്ക് ഇതുവരെയും കൃത്യമായി ഉത്തരം ലഭിച്ചിട്ടില്ല. ഉത്തരം ലഭിച്ചിട്ടില്ല എന്നതുകൊണ്ട് നിരാശപ്പെടുകയല്ല വേണ്ടത് എന്ന് കരുതുന്ന ഗവേഷകരുണ്ട്. തേടുകയാണ് വേണ്ടത്....അനന്തവിഹായസില്‍ നിന്നെത്തുന്ന അന്യനാഗരികതകളുടെ സ്പന്ദനങ്ങള്‍ക്കായി സശ്രദ്ധം കാതോര്‍ക്കുക. പതിറ്റാണ്ടുകളായി ഈ ലക്ഷ്യം മുന്‍നിര്‍ത്തി തുടരുന്ന പദ്ധതിയാണ് 'സെര്‍ച്ച് ഫോര്‍ എക്‌സ്ട്രടെറസ്ട്രിയല്‍ ഇന്റലിജന്‍സ്' അഥാവാ 'സേറ്റി' (SETI). 'അന്യഗ്രഹജീവികളെ' കണ്ടെത്താന്‍ നടക്കുന്ന ഈ സംരംഭത്തില്‍ സാധാരണക്കാര്‍ക്കും പങ്കാളിയാകാന്‍ അവസരം ഉണ്ടായിരിക്കുന്നു എന്നതാണ് പുതിയ വിശേഷം. അതിനായി 'സേറ്റി ലൈവ്' (Seti Live) എന്ന പേരില്‍ പുതിയൊരു വെബ്ബ്‌സൈറ്റ് ആരംഭിച്ചിരിക്കുകയാണ്. 'സേറ്റി അലന്‍ ടെലസ്‌കോപ്പ് അരേയ്' (Seti Allen Telescope Array) എന്ന റേഡിയോടെലിസ്‌കോപ്പ് ശൃംഖലയാണ്, പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍ നിന്നെത്തുന്ന റേഡിയോ സിഗ്നലുകള്‍ നിരീക്ഷിക്കുന്നത്. ഏതെങ്കിലും വിചിത്രസന്ദേശങ്ങള്‍ പ്രപഞ്ചത്തിന്റെ മറ്റ് കോണുകളില്‍ നിന്നെത്തുന്നുണ്ടോ എന്നാണ് ഇതുവഴി പരിശോധിക്കുന്നത്. ആ റേഡിയോ ടെലിസ്‌കോപ്പ് ശൃംഖല പിടിച്ചെടുക്കുന്ന റേഡിയോസ്പന്ദനങ്ങളെ സേറ്റി ലൈവ് സൈറ്റില്‍ സ്ട്രീം ചെയ്യും. ആ റേഡിയോസ്പന്ദനങ്ങളില്‍നിന്ന് അസാധാരണമായ എന്തെങ്കിലും സൂചനകള്‍ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ എന്ന് പരിശോധിക്കലാണ്, സേറ്റി ലൈവ് പദ്ധതിയില്‍ പങ്കാളികളാകുന്നവര്‍ ചെയ്യേണ്ടത്. നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വെറുതെയിരിക്കുമ്പോള്‍ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് സേറ്റിക്കായി വിനിയോഗിക്കാന്‍ ഒരു പദ്ധതി ഇപ്പോള്‍ തന്നെ നിലവിലുണ്ട്. SETI@Home എന്നാണതിന്റെ പേര്. അതില്‍ പങ്കാളിയാകാന്‍ കമ്പ്യൂട്ടറില്‍ ഒരു ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതി. എന്നാല്‍, അതില്‍ നിങ്ങളുടെ നേരിട്ടുള്ള പങ്ക് വരുന്നില്ല. സേറ്റി ലൈവ് വ്യത്യസ്തമാണ്. ഒരിക്കല്‍ അതിലേക്ക് ലോഗ് ചെയ്ത് ചെറിയൊരു ട്യൂട്ടോറിയല്‍ എടുത്തു കഴിഞ്ഞാല്‍, റേഡിയോസിഗ്നല്‍ ഡേറ്റയുടെ ദൃശ്യരൂപങ്ങള്‍ നിങ്ങള്‍ക്ക് മുന്നിലെത്തിക്കും. വ്യത്യസ്ത പാറ്റേണുകള്‍ക്കിടയില്‍ ഒരു നേര്‍രേഖ തിരിച്ചറിയാനായാല്‍, ഒരുപക്ഷേ ഏതെങ്കിലും അന്യഗ്രഹജീവി 'ഹലോ' പറയുന്നതാകാം അത്! ഇത്തരത്തില്‍ സൂചനകള്‍ കണ്ടെത്തുകയാണ് ഉപയോക്താവ് ചെയ്യേണ്ടത്. എന്നുവെച്ചാല്‍, SETI@Home ല്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം സേറ്റി ലൈവില്‍ ആവശ്യമാണെന്ന് സാരം. ലോസ് ആന്‍ജലിസില്‍ നടന്ന 'ടെക്‌നോളജി, എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഡിസൈന്‍' (TED) കോണ്‍ഫറന്‍സിലാണ് ജനപങ്കാളിത്തം ആവശ്യപ്പെട്ടുകൊണ്ട് പുതിയ സൈറ്റ് അവതരിപ്പിക്കപ്പെട്ടത്. സേറ്റി ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴിലുള്ള സെന്റര്‍ ഫോര്‍ സേറ്റി റിസര്‍ച്ചിന്റെ മേധാവി ഡോ.ജിലിയന്‍ ടാര്‍ട്ടറാണ് പുതിയ സൈറ്റിന് ചുക്കാന്‍ പിടിക്കുന്നത്. 'SETI@Home ല്‍ നിങ്ങള്‍ ഒന്നും ചെയ്യുന്നില്ല; നിങ്ങളുടെ കമ്പ്യൂട്ടറാണ് സഹായിക്കുന്നത്. എന്നാല്‍, പുതിയ സൈറ്റിന്റെ കാര്യത്തില്‍ നിങ്ങള്‍ ക്രിയാത്മകമായി പങ്കാളിയായേ ഒക്കൂ'-ടാര്‍ട്ടര്‍ പറയുന്നു. റേഡിയോ സിഗ്നലുകളുടെ വന്‍തിരമാലകള്‍ക്കിടയില്‍ നിന്ന് 'പുതിയ പാറ്റേണുകള്‍ കണ്ടെത്തണം, ആ പാറ്റേണുകള്‍ അടയാളപ്പെടുത്തണം, അത്തരം പാറ്റേണുകള്‍ റേഡിയോ തരംഗദൃശ്യങ്ങള്‍ക്കിടയില്‍ മുമ്പെപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ഓര്‍ത്തുനോക്കണം'-അവര്‍ പറയുന്നു. വടക്കന്‍ കാലിഫോര്‍ണിയയില്‍ സ്ഥാപിച്ചിട്ടുള്ള 42 റേഡിയോ ഡിഷുകളാണ് 'സേറ്റി അലന്‍ ടെലസ്‌കോപ്പ് അരേയ്'. ആ ഡിഷുകളില്‍ നിന്ന് ലഭിക്കുന്ന വിവിധ ആവര്‍ത്തിപരിധിയിലുള്ള റേഡിയോസിഗ്നലുകളാണ്, സേറ്റി ലൈവ് സൈറ്റിലൂടെ പൊതുജനങ്ങളുടെ മുന്നിലെത്തുക

Contact Form

Name

Email *

Message *