Read more
അപകടത്തില്‍പ്പെട്ട ജഗതിയെ തക്കസമയത്ത് ആസ്പത്രിയിലെത്തിച്ച രാമനാട്ടുകര തോട്ടുങ്ങല്‍ പുല്ലഞ്ചീരി ചോയിമുക്കില്‍ ബൈജുവിനെ ജഗതിയുടെ കുടുംബാംഗങ്ങള്‍ അനുമോദിച്ചു.
ബൈജുവിന്റെ സഹായം അനുമോദനാര്‍ഹമാണെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വരുംതലമുറയ്ക്ക് മാതൃകയാണെന്നും ജഗതിയുടെ ഭാര്യ ശോഭയും മകള്‍ പാര്‍വതിയും മരുമകന്‍ ഷോണും ഷോണിന്റെ അച്ഛന്‍ ചീഫ്‌വിപ്പ് പി.സി. ജോര്‍ജും പറഞ്ഞു. തങ്ങളുടെ കുടുംബം എന്നും ബൈജുവിനോട് നന്ദിയുള്ളവരായിരിക്കുമെന്ന് പറഞ്ഞ ജഗതിയുടെ ഭാര്യ ശോഭയോട് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് തക്കസമയത്ത് താന്‍ അവിടെ എത്തിച്ചേര്‍ന്നതെന്നായിരുന്നു ബൈജുവിന്റെ മറുപടി. കുടുംബാംഗങ്ങള്‍ക്കൊപ്പം മാതൃഭൂമി ഡയറക്ടര്‍ പി.വി. ഗംഗാധരനും ബൈജുവിനെ അനുമോദിച്ചു.
മണല്‍ത്തൊഴിലാളിയായ ബൈജു മാര്‍ച്ച് 10ന് പുലര്‍ച്ചെ ചെമ്മാട് നിന്ന് ജോലി കഴിഞ്ഞ് വരുമ്പോഴാണ് അപകടം കാണുന്നത്. വയനാട്ടിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയില്‍ പാതിവഴിയില്‍ വെച്ചാണ് ബൈജു കയറിയത്. അപകടസ്ഥലത്തെത്തിയപ്പോള്‍ ഡ്രൈവറോട് പറഞ്ഞ് ലോറി നിര്‍ത്തിച്ച് ഇറങ്ങുകയായിരുന്നു. ദേശീയ പാതയിലൂടെ വന്ന ആംബുലന്‍സ് കൈകാണിച്ച് നിര്‍ത്തി അപകടത്തില്‍പ്പെട്ട ജഗതിയെയും ഡ്രൈവര്‍ അനില്‍കുമാറിനെയും ബൈജുവും ആംബുലന്‍സിലെ നഴ്‌സുമാരും ചേര്‍ന്ന് ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു.