Read more
കോഴിക്കോട്: നാലുമാസം മുമ്പ് കോഴിക്കോട് 'മിംസ്' ആസ്പത്രിയുടെ മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്ററാവുമ്പോള്‍ ഡോ. ഡി. ഹരിപ്രസാദ് കരുതിയതല്ല തന്റെ പ്രിയപ്പെട്ട 'അമ്പിളി'ക്ക് ഈ അവസ്ഥയില്‍ കാവലിരിക്കേണ്ടിവരുമെന്ന്. ഒരേ സ്‌കൂളിലും കോളേജിലും കലയും പഠനവും പങ്കിട്ടുവളര്‍ന്ന ശ്രീകുമാര്‍ എല്ലാവരെയും കരയിച്ച് തന്റെ മുന്നില്‍വരുമെന്നും പ്രതീക്ഷിച്ചതല്ല.
തിരുവനന്തപുരം സ്വദേശി ഡോ. ഡി. ഹരിപ്രസാദും ജഗതിയും മോഡല്‍ സ്‌കൂളിലും മാര്‍ ഇവാനിയോസ് കോളേജിലും ഒന്നിച്ച് പഠിച്ചതാണ്. പഠനത്തേക്കാള്‍ കലയിലായിരുന്നു ജഗതിക്ക് അന്ന് താത്പര്യം എന്ന് ഹരിപ്രസാദ് ഓര്‍ക്കുന്നു. കോളേജ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. സയന്‍സ് ഗ്രൂപ്പ് എടുത്ത് പഠിച്ച ഹരിപ്രസാദ് വൈദ്യശാസ്ത്രരംഗത്തേക്ക് പോയപ്പോള്‍ ജഗതി സിനിമയുടെ ഉയരത്തിലെത്തി.
പതിനഞ്ച് വര്‍ഷത്തോളം ഹരിപ്രസാദ് തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ മെഡിക്കല്‍ സൂപ്രണ്ടായി. അക്കാലത്ത് ജഗതി തിരക്കിട്ട് അഭിനയിക്കുകയായിരുന്നു. എങ്കിലും ഇടവേളകളില്‍ കാണും. കുടുംബമായപ്പോള്‍ കൂടുതല്‍ അടുത്തു. രണ്ടുപേര്‍ക്കും പെണ്‍കുട്ടി പിറന്നപ്പോള്‍ 'പാര്‍വതി' എന്ന് പേരിട്ടത് യാദൃച്ഛികം.മസ്‌കറ്റിലെ റസ്താഖ് ആസ്പത്രിയില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി പോയപ്പോഴാണ് തമ്മില്‍ കാണാതായത്. മക്കളുടെ കല്യാണത്തിന് ഒന്നിച്ചപ്പോള്‍ പഴയകാലം പുനര്‍ജനിക്കുകയായിരുന്നുവെന്ന് ഹരിപ്രസാദ് ഓര്‍ക്കുന്നു.
ആരാധകരുടെ ജഗതി അടുത്തവര്‍ക്കെല്ലാം 'അമ്പിളി'യാണ്. ഞാനും അങ്ങനെയേ വിളിക്കാറുള്ളൂ. ഈയൊരവസ്ഥയില്‍ അവനിവിടെയെത്തിയതിന്റെ ഞെട്ടല്‍ മാറിയിട്ടില്ല. അതിലുപരി ഏറ്റവുമധികം ശ്രദ്ധ നല്‍കി അമ്പിളിയെ തിരിച്ചുകൊണ്ടുവരിക എന്ന യത്‌നത്തില്‍ എനിക്ക് പങ്കാളിയാവാന്‍ സാധിച്ചത് ഒരു നിമിത്തമായിരിക്കാം. ഇത്തരമൊരു കാഴ്ച ഞാനൊരിക്കലും പ്രതീക്ഷിച്ചിട്ടില്ല. ആരാധകരുടെ പഴയ ജഗതിയായ ഞങ്ങളുടെ അമ്പിളി തിരിച്ചെഴുന്നേറ്റു വരുന്ന ദിവസമാണ് ഞാന്‍ കാത്തിരിക്കുന്നത്''-ഹരിപ്രസാദ് പറഞ്ഞു.